സിഎജിയുടെ കണ്ടെത്തലുകള്‍ യുഡിഎഫ് ഭരണത്തില്‍ ഉള്ളപ്പോള്‍ ഉള്ളത് : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കേരളാ പോലീസില്‍ ഉണ്ടായ തിരിമറികളിലെ സിഎജി കണ്ടെത്തലുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപ്പോള്‍ ഉള്ള വിവാദത്തില്‍ തത്കാലം പ്രതികരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ഒഴികെയുള്ള എല്ലാ കണ്ടെത്തലുകളും യുഡിഎഫിന്റെ കാലത്താണ് നടന്നത്. വാങ്ങിയ ശേഷം സര്‍ക്കാരിന്റെ അനുമതിക്ക് വരുന്നത് പൊലീസില്‍ സ്വാഭാവികമാണ്. ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണങ്ങള്‍ അവഗണിച്ചാണ് സിഎജി പല നിഗമനങ്ങളിലും എത്തിയതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. സിഎജി റിപ്പോര്‍ട്ട് സഭയിലെത്തുന്നതിനു മുന്‍പേ പ്രതിപക്ഷത്തിന് വിശദാംശങ്ങള്‍ ലഭിച്ചു. വാര്‍ത്താസമ്മേളനത്തിലെ സിഎജിയുടെ പ്രതികരണവും രാഷ്ട്രീയ പ്രേരിതമാണെന്ന സംശയമുണര്‍ത്തുന്നു. റിപ്പോര്‍ട്ടിന്‍മേലുള്ള വിവാദങ്ങളെ അവഗണിച്ചു മുന്നോട്ടുപോകും. സിഎജി റിപ്പോര്‍ട്ട് സാധാരണ നടപടിക്രമങ്ങളിലൂടെ കടന്നുപോകട്ടെയെന്നും സെക്രട്ടേറിയറ്റില്‍ ധാരണയായി. പ്രതിപക്ഷത്തിനുള്ള മറുപടി അടുത്ത മാസം ആദ്യം നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കും.

ഡിജിപി ലോക് നാഥ് ബെഹ്‌റയെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസമാണ് വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള തുകയില്‍ നിന്ന് 2.81 കോടി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.

ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവല്‍ പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പുറത്തു വെച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററില്‍ തുടരുകയാണ്. രണ്ടുദിവസം നീളുന്ന സംസ്ഥാനസമിതി യോഗത്തിന് നാളെ തുടക്കമാകും. അതേസമയം, ഇന്നുചേര്‍ന്ന പ്രത്യേകമന്ത്രിസഭാ യോഗവും വിവാദങ്ങള്‍ ചര്‍ച്ച ചെയ്തില്ല.