പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തില്‍

അസമില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്ന് റിപ്പോര്‍ട്ട്. 1971 മാര്‍ച്ച് 24-ന് മുമ്പ് ഒരു വ്യക്തിയോ ആ വ്യക്തിയുടെ പൂര്‍വികരോ ഇന്ത്യന്‍ പൗരരായിരുന്നു എന്നു തെളിയിക്കുന്ന രേഖയാണ് ലഗസി ഡാറ്റ.

പുതുക്കിയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമായും പരിഗണിച്ചത് അപേക്ഷകര്‍ 1951-ലെ എന്‍ആര്‍സിയില്‍ ഉള്‍പ്പെട്ടിരുന്നോ എന്നും 1971 മാര്‍ച്ച് 24 വരെ വോട്ടവകാശം ഉണ്ടായിരുന്നോ എന്നുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള രേഖകള്‍ ഹാജരാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ആക്ഷേപം തുടക്കം മുതലുണ്ടായിരുന്നു.

ആശങ്കകള്‍ ശരിവച്ചുകൊണ്ട് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ അനന്തിരവന്‍, കാര്‍ഗില്‍ യുദ്ധസേനാനി മുഹമ്മദ് സനാവുള്ള തുടങ്ങിയ പലരും പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായി.

പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരില്‍ പല മതവിഭാഗത്തില്‍ നിന്നുള്ളവരുണ്ട്. എന്നാല്‍ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്ക് വീണ്ടും പൗരത്വം ലഭിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇത് മതാടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന് നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.