പുല്‍വാമ ആക്രമണത്തിന് ഒരാണ്ട് ; കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി

രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് 3:15ഓടെയാണ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്. അവധി കഴിഞ്ഞു വിവിധ സൈനിക താവളങ്ങളിലേക്ക് തിരിക്കാനായി 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുമ്പോഴാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമികള്‍ ഇടിച്ചുകയറ്റിയത്. ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം നടന്നത്. നാല്പതിലധികം സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്.

എന്നാല്‍ ആക്രമണം നടന്നു ഒരു വര്‍ഷം തികഞ്ഞിട്ടും അതിന്റെ അന്വേഷണം ഒന്നും ആയിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ചോദ്യങ്ങളുമായാണ് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. ആരാണ് പുല്‍വാമയില്‍ ഏറ്റവും നേട്ടം കൊയ്തത്, ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കണ്ടെത്തലുകളും എന്താണ്, സുരക്ഷ പിഴവിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ മുന്നോട്ട് വച്ചത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്റെ അന്വേഷണ0 എന്തായി..? ആക്രമണത്തിന് വഴിയൊരുക്കും വിധം സുരക്ഷാ വീഴ്ച വരുത്തിയതിന് ബിജെപി സര്‍ക്കാരിലെ ആരാണ് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള മന്ത്രി നവാബ് മാലിക്കും സമാനമായ ചോദ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സ്ഫോടന വസ്തുക്കളുമായുള്ള വാഹനം എങ്ങനെയാണ് അതീവ സുരക്ഷാ മേഖലയില്‍ എത്തിയതെന്നും ഭീകരര്‍കൊപ്പം പിടികൂടിയ ദേവീന്ദര്‍ സിംഗിന്റെ പങ്ക് അന്വേഷിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു. അതേസമയം, എന്‍ഐഎ കേസ് അന്വേഷിക്കുകയാണെന്ന് സിആര്‍പിഎഫ് ഡിജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു. ശരിയായ ദിശയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും സിആര്‍പിഎഫ് ഡിജി വ്യക്തമാക്കി.