കനത്ത ചൂടില്‍ കോട്ടയം ; തീപിടുത്ത ഭീഷണിയില്‍ നിലങ്ങളും തോട്ടങ്ങളും

വേനല്‍ ആരംഭത്തില്‍ തന്നെ കനത്ത ചൂടില്‍ ഉരുകി കോട്ടയം. ചൂട് കുത്തനെ ഉയര്‍ന്നതോടെ കോട്ടയത്തെ തരിശ് നിലങ്ങളും തോട്ടങ്ങളും തീ പിടുത്ത ഭീഷണിയില്‍. കഴിഞ്ഞ നാല് ദിവസമായി മുപ്പത്തിയേഴ് ഡിഗ്രിയായിരുന്ന ചൂട് ജില്ലയില്‍ പലയിടങ്ങളിലും വീണ്ടും ചൂട് ഉയര്‍ന്നു. രാവിലെ 11 മുതല്‍ മൂന്നു വരെ വെയിലത്ത് ഇറങ്ങരുതെന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടും തൊഴിലാളികള്‍ ഇത് അവഗണിച്ച് ജോലിക്കെത്തി. കുടകള്‍ ചൂടിയും, ഇടക്കിടെ വെള്ളത്തില്‍ ഇറങ്ങി നിന്നുമാണ് തൊഴിലാളികള്‍ ചൂടിന്റെ കാഠിന്യം മറികടക്കുന്നത്.

ചൂട് കനത്തതോടെ പാടശേഖരങ്ങളിലും തോട്ടങ്ങളിലും തീപിടുത്തമുണ്ടായി. കോട്ടയം ഈരയില്‍കടവിലെ തരിശ് പാടത്ത് പടര്‍ന്നു പിടിച്ച തീ മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രിക്കാനായത്. കഴിഞ്ഞ ദിവസവും ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മലയോര പ്രദേശത്ത് തോട്ടങ്ങള്‍ കത്തിനശിച്ചിരുന്നു. രണ്ട് ദിവസം കൂടി ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത് വരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതാണ്. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.