യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിനെയാണ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാനെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടവനിക്കരെ ജയനാണ് ക്രൂരമര്‍ദനമേറ്റത്. ജയനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്. സുരേഷിന്റെ സഹോദരന്‍ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയന്‍ വിജിലന്‍സിനടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണ്.
പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരന്‍മാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നാം തിയതി 11 മണിയോടെ ബാങ്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സുരേഷും സുഹൃത്ത് രാജീവും ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവം നടന്ന് നാളുകള്‍ ഏറെ ആയിട്ടും ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.