ഡല്‍ഹി തിരഞ്ഞെടുപ്പ് തങ്ങള്‍ തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസ് എന്ന് ബി.ജെ.പി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസ് എന്ന് ബി.ജെ.പി. കോണ്‍ഗ്രസും തങ്ങളുടെ താരപ്രചാരകരുമാണ് തങ്ങളെ തോല്‍പ്പിച്ചതെന്നാണ് പ്രധാന കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ കണ്ടെത്തല്‍ നടന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രധാന കാരണങ്ങളെ കൂടാതെ സീറ്റ് വിതരണവും വിഭാഗീയതയും പരാജയ കാരണങ്ങളായി ബി.ജെ.പി വിലയിരുത്തുന്നു. കോണ്‍ഗ്രസ് വിജയത്തിന് വേണ്ടിയല്ല ശ്രമിച്ചത് ബി.ജെ.പിയെ പരാജയപ്പെടുത്താനായിരുന്നു. അവര്‍ പ്രചരണം മന്ദഗതിയിലാക്കുക മാത്രമല്ല ചെയ്തത് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ലഭിക്കില്ലെന്ന് ഉറപ്പു വരുത്താന്‍ മൊത്തം സംവിധാനത്തെ ഉപയോഗിക്കുക കൂടി ചെയ്തെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

10-12 സീറ്റുകളില്‍ ഷാഹീന്‍ബാഗ് പ്രക്ഷോഭം ആംആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ചുവെന്നും നിരവധി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. പ്രക്ഷോഭം മുസ്ലിം വോട്ടുകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാക്കിയപ്പോള്‍ ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് അതിന്റെ പേരില്‍ ലഭിച്ചില്ലെന്ന് മറ്റൊരു നേതാവ് പറഞ്ഞു.

ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ സിങ്, അനില്‍ ജെയിന്‍, ദേശീയ ജോയിന്റ് സെക്രട്ടറി വി. സതീഷ്, ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി, ജില്ലാ അദ്ധ്യക്ഷന്‍മാര്‍, തെരഞ്ഞെടുപ്പ് ഉത്തരവാദിത്വമുണ്ടായിരുന്ന നേതാക്കള്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ആരും പരാമര്‍ശിച്ചില്ല.