സംശയത്തിന്റെ നിഴലില്‍ ബെഹ്‌റ ; നവീകരണത്തിന്റെ പേരില്‍ പൊടിച്ചത് 151 കോടി

പോലീസ് വിവാദത്തില്‍ ലോക്നാഥ് ബെഹ്റയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആവത് ശ്രമിക്കുന്നുണ്ട് എങ്കിലും അത്രവേഗം ഇതില്‍ നിന്നും തലയൂരാന്‍ ഇരുവര്‍ക്കും കഴിയില്ല.
ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് എന്ന പേരില്‍ 151 കോടിയാണ് ചിലവഴിച്ചത്. എന്നാല്‍ സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചാണ് ഈ തുക ചെലവഴിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പര്‍ച്ചേസ് മാന്യുവല്‍ ലംഘിച്ചായിരുന്നു ബെഹ്റയുടെ ഇടപാടുകളെന്ന സിഎജി റിപ്പോര്‍ട്ട് ഇതുവരെ നടന്ന മുഴുവന്‍ പര്‍ച്ചേസുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണ്.

2016-17ല്‍ 24 കോടി, 2017-18 ല്‍ 46 കോടി, 2018-19ല്‍ 78 കോടി, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടുമാസത്തില്‍ 1.41 കോടി. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായ ശേഷം നവീകരണത്തിനെന്ന പേരില്‍ പൊലീസ് ചെലവഴിച്ച തുകയുടെ കണക്കാണിത്.

കഴിഞ്ഞ ജൂണില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലെ അവകാശവാദം എല്ലാ പര്‍ച്ചേസുകളും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു എന്നാണ്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പര്‍ച്ചേസ് പോര്‍ട്ടലുകള്‍ വഴി ഇ-പ്രൊക്യുര്‍മെന്റ് വഴിയും സാധനസാമഗ്രികള്‍ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതേ കാലയളവിലെ പര്‍ച്ചേസുകളെയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലൂടെ സിഎജി ചോദ്യം ചെയ്തത്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പാലിക്കാതെയായിരുന്നു പൊലീസിന്റെ പര്‍ച്ചേസുകള്‍.

വെടിയുണ്ട, പ്രതിരോധ വാഹനങ്ങളുടെ സംഭരണം എന്നിവയില്‍ സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചു എന്നും സിഎജി അക്കമിട്ട് നിരത്തിയിട്ടുണ്ട്.ഇതോടെ നവീകരണത്തിനെന്ന പേരില്‍ ലോക്നാഥ് ബെഹ്റ ചെലവാക്കിയ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതുപോലെ ഇടപാടുകള്‍ എല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എന്ന് വരുത്തി തീര്‍ക്കുവാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.