പോലീസ് വാഹന പെറ്റിയടി വാട്‌സാപ്പ് വഴിയും ; ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത് 2164 കേസുകള്‍

കേരളാ പോലീസിന്റെ വാഹന പെറ്റിയടി വാട്‌സ് ആപ്പിലും തകൃതി. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസാണ് ഇത്രയധികം ഗതാഗതനിയമലംഘന കേസുകളെടുത്തത്. വാട്‌സാപ്പ് വഴി ലഭിച്ച ചിത്രങ്ങളുടെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 2164 പെറ്റി കേസുകള്‍. തിരുവനന്തപുരം നഗരത്തില്‍ ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാര്‍ ഗതാഗതലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുന്നുണ്ട്. ഇത്തരം സംഭവങ്ങളിലാണ് നടപടിയുമായി പൊലീസ് രംഗത്തെത്തുന്നത്. മിക്കവരും പെറ്റി നോട്ടീസ് വീട്ടിലെത്തുമ്പോഴായിരിക്കും വിവരം അറിഞ്ഞിട്ടുണ്ടാകുക.

പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ പൊതുജനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി സിറ്റിസണ്‍ വിജില്‍ എന്ന വാട്‌സാപ്പ് നമ്പരും പൊലീസ് നല്‍കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കമാര്‍ ഉപാധ്യായ പറയുന്നു. അതേസമയം വാട്‌സാപ്പ് പെറ്റിയും അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ പതിക്കുന്ന സ്റ്റിക്കര്‍ പെറ്റി എന്നിവയ്ക്കുള്ള പിഴത്തുക പലരും അടയ്ക്കാതിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മോട്ടോര്‍വാഹനവകുപ്പുമായി ചേര്‍ന്ന് ഇത്തരം വാഹന ഉടമകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്.

അമിതവേഗതയിലും അപകടകരമായും വാഹനമോടിച്ചതിന് 1212 പേര്‍ക്കെതിരെ തിരുവനന്തപുരം സിറ്റിയില്‍ കഴിഞ്ഞ മാസം കേസെടുത്തു. ഗതാഗതതടസത്തിന് 413 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 574 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ജനുവരിയില്‍ നടത്തിയ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിപ്രകാരമായാണ് ഇത്രയും കേസുകളെടുത്തത്.