പാക്കിസ്ഥാന്റെ ഹണി ട്രാപ്പില്‍ കുടുങ്ങി ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ കെണിയില്‍ വീണു ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍. കേസില്‍ പതിമൂന്ന് നാവിക ഉദ്യോഗസ്ഥര്‍ ഇതുവരെ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹണിട്രാപ്പിന് പാക് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്നാണ് നിഗമനം. എന്‍ഐഎയുടെയും ആന്ധ്രാ പൊലീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം നാവികതാവളങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഇവര്‍ ചാറ്റ് ചെയ്ത പ്രൊഫൈലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഏതെല്ലാം തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് നാവികസേനയിലെ ഹണിട്രാപ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ഉപയോഗിച്ച് നാവിക ഉദ്യോഗസ്ഥരെ കുടുക്കിയെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. ഇങ്ങനെ ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന പതിമൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, സമൂഹ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നാവിക സേന കര്‍ശനമാക്കിയിരുന്നു. ഫേസ്ബുക്ക്, വാട്‌സപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബേസുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകള്‍ക്കും നിരോധനമുണ്ട്. ഡിസംബര്‍ 27 ന് ഇത് സംബന്ധിച്ച ഉത്തരവ് നാവിക സേന പുറപ്പെടുവിച്ചിരുന്നു.
നാവിക രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ പെട്ട ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ ഡിസംബര്‍ 20ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഏഴു പേരും 2017ല്‍ റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവരൊക്കെ 2018ല്‍ ഹണി ട്രാപ്പില്‍ കുടുങ്ങുകയായിരുന്നു. ഇവരുമായി ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച വനിതകള്‍ ചാറ്റ് വിവരം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. ദേശിയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിരിക്കുകയാണ് ഈ സംഭവം.