കേരളാ പോലീസ് ആരുടെ നിയന്ത്രണത്തില്‍ ; പോലീസുകാരുടെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് പുറത്ത്
സംസ്ഥാനം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് എങ്കിലും മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരത്തിന്റെ കടിഞ്ഞാന്‍ ആരുടെ കയ്യിലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസിനെ ആകമാനം പിടിച്ചു കുലുക്കുന്ന അഴിമതി വിവാദങ്ങള്‍ക്ക് പിന്നാലെ പോലീസുകാര്‍ ഇനി ബീഫ് കഴിക്കണ്ട എന്ന് ഉത്തരവ്.
സംസ്ഥാന പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫിനെ പുറത്താക്കിയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. പുതിയ ട്രെയിനിംഗ് ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ബീഫ് കഴിക്കാമെന്നാണ് പൊലീസ് വിശദീകരണം. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളില്‍ പരിശീലനത്തിനായി 2700 പേര്‍ എത്തിയതിന് പിന്നാലെയാണ് ഭക്ഷണ മെനുവടങ്ങിയ ഉത്തരവിറക്കിയത്.
മെനുവില്‍ മുട്ട, മീന്‍, ചിക്കന്‍ എന്നിവ പറഞ്ഞിട്ടുണ്ടെങ്കിലും ബീഫ് ഉള്‍പ്പെടുത്തിയിട്ടില്ല. വില കൂടുതലായതിനാല്‍ മട്ടന്‍ മെനുവില്‍ ഉള്‍പ്പെടുത്താറില്ലായിരുന്നു. മുന്‍പ് പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനും അടുത്തിടെ വരെ ക്യാമ്പുകളില്‍ ബീഫ് വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു. പൊലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യയാണ് വിവാദ മെനു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. കെഎപി ഒന്നു മുതല്‍ അഞ്ചു വരെ ബറ്റാലിയനുകള്‍ക്കും, ആര്‍ആര്‍ആര്‍എഫ്, ഐആര്‍ ബറ്റാലിയന്‍ മേലധികാരികള്‍ക്കടക്കം ഭക്ഷണ മെനു ലഭിച്ചു.
നിരോധിച്ചിട്ടില്ലെന്നും മെനുവില്‍ ഉള്‍പ്പെടുത്താതെ ബീഫ് വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. സര്‍ക്കാര്‍ ആശുപത്രിയിലെ പോഷകാഹാര വിദഗ്ധനാണ് മെനു തയാറാക്കിയതെന്നും പൊലീസിന് ഇതില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ ഭക്ഷണ മെനുവില്‍ ബീഫ് പരസ്യപ്പെടുത്താത്തതിന് കൃത്യമായ മറുപടി പൊലീസ് പറയുന്നില്ല. ഒരിടവേളക്ക് ശേഷം കേരള പൊലീസില്‍ വീണ്ടും ബീഫ് വിവാദമാവുകയാണ്. മുന്‍പും സമാനമായ രീതിയില്‍ ബീഫ് വിരോധം മേലധികാരികള്‍ നടത്തിയിരുന്നു.