അബ്ദുള്ളയുടെയും ഖദീജയുടെയും മകള്‍ രാജേശ്വരിക്ക് കോവിലില്‍ വെച്ച് താലി ചാര്‍ത്തി വിഷ്ണു
കാസര്‍ഗോഡ് കാഞ്ഞങ്ങാട് മന്യോട്ട് ക്ഷേത്രത്തില്‍ ആണ് കഴിഞ്ഞ ദിവസം മനുഷ്യത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെ വലിയ മാതൃകയായി ഒരു കല്യാണം നടന്നത്. ഭഗവതിയുടെ തിരുനടയില്‍വെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദ് മേല്‍പ്പറമ്പ് ഷമീംമന്‍സിലിലെ രാജേശ്വരിയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ സാക്ഷികളായി രാജേശ്വരിയുടെ മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും ഉണ്ടായിരുന്നു.
അബ്ദുള്ള ഖദീജ ദമ്പതികളുടെ വളര്‍ത്തു മകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ഏഴോ എട്ടോ വയസുള്ളപ്പോഴാണ് രാജേശ്വരി ഇവിടെ എത്തിയത്. അപ്പോള്‍ അവളുടെ മാതാപിതാക്കളും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ അച്ഛനും അമ്മയും മരിച്ച ശേഷം രാജേശ്വരി നാട്ടിലേക്ക് തിരികെ പോയില്ല.
ഇപ്പോള്‍ 22 വയസുകഴിഞ്ഞു. അബ്ദുള്ള ഖദീജ ദമ്പതിമാര്‍ രാജേശ്വരിയെ സ്വന്തം മകളെ പോലെ നോക്കി വളര്‍ത്തുകയായിരുന്നു.മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു. അവര്‍ തന്നെയാണ് ഇപ്പോള്‍ വിവാഹവും നടത്തിക്കൊടുത്തത്.