വിവാദങ്ങള്‍ ഒഴിയാതെ രണ്ടാമൂഴം ; എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേ

randamoozham movie

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ മുടക്കുമുതല്‍ ഉള്ള സിനിമ എന്ന പേരില്‍ അണിയറയില്‍ തയ്യാറായ സിനിമയായിരുന്നു രണ്ടാമൂഴം. എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുവാന്‍ ഇരുന്ന സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകകഥാപാത്രം. എന്നാല്‍ നല്‍കിയ സമയം കഴിഞ്ഞിട്ടും ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാത്തത് കാരണം എം ടി തിരകഥ തിരികെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് എം.ടി. വാസുദേവന്‍ നായര്‍ സംവിധായകന് എതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ക്ക് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. നാലാഴ്ചയ്ക്കകം എം.ടി മറുപടി നല്‍കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

എംടിയുമായുണ്ടാക്കിയ കരാറില്‍, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിന് പകരം മുന്‍സിഫ് കോടതിയെ സമീപിച്ചതിനെ വി.എ. ശ്രീകുമാര്‍ ചോദ്യം ചെയ്തു. ആര്‍ബിട്രേഷന്‍ നിലനില്‍ക്കുമോയെന്ന് മുന്‍സിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സംവിധായകന്‍ സുപ്രിം കോടതിയെ സമീപിച്ചത്.

ശ്രീകുമാര്‍ മേനോനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം ടി വാസുദേവന്‍ നായര്‍ ആദ്യം ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ശ്രീകുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാലാണ് തിരക്കഥാകൃത്തുകൂടിയായ എം ടി സിനിമാ പ്രോജക്ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ഈ തിരക്കഥ ഉപയോഗിക്കരുതെന്ന് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.