ലോക കേരള സഭയുടെ പേരില്‍ നടന്നത് ഭൂലോക ധൂര്‍ത്ത് ; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ

കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്തും അഴിമതിയും എന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസങ്ങളായി നടന്ന പരിപാടിയുടെ പേരില്‍ കോടികള്‍ ആണ് പൊടിച്ചത്. സഭയുടെ രണ്ടാം പതിപ്പില്‍ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു കോടി രൂപയോളമാണ് ഈ ഇനത്തില്‍ മാത്രം സര്‍ക്കാര്‍ പൊടിച്ചത്. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെയാണ് ലോക കേരള സഭ തലസ്ഥാനത്ത് കൂടിയത്.

ഈ ദിവസങ്ങളില്‍ പ്രതിനിധി ഒന്നിന്റെ ഭക്ഷണ ചെലവ് ഇങ്ങനെ,അത്താഴത്തിന് 1700 രൂപയും ടാക്സും, ഉച്ച ഭക്ഷണത്തിന് 1900 രൂപയും ടാക്സും, പ്രഭാത ഭക്ഷണത്തിന് 550 രൂപയും ടാക്സും, രണ്ട് നേരത്തെ റിഫ്രഷ്മെന്റിനായി 250 രൂപയും ടാക്സുമടക്കം കോവളത്തെ ഒരു പ്രമുഖ ഹോട്ടലിനു സര്‍ക്കാര്‍ നല്‍കിയത് 59,82,600 രൂപ.

ലോക കേരള സഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 351 ആണ്. ഇതില്‍ 177 പേര്‍ പ്രവാസി പ്രതിനിധികളും ബാക്കി ജനപ്രതിനിധികളുമാണ്. അതില്‍ എംഎല്‍എമാരും, എംപിമാരുമായ 69 യുഡിഎഫ് പ്രതിനിധികള്‍ സഭയില്‍ നിന്ന് വിട്ടുനിന്നു. സഭയില്‍ ആകെ പങ്കെടുത്തത് 282 അംഗങ്ങള്‍ മാത്രമെന്നിരിക്കെ ഉച്ചഭക്ഷണത്തിനായി 700 പേര്‍ക്കും,അത്താഴത്തിനായി 600 പേര്‍ക്കും, പ്രഭാത ഭക്ഷണത്തിനായി 400 പേര്‍ക്കുമാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഈ സാമ്പത്തിക ക്രമക്കേടിന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും, റസ്റ്റ് ഹൗസും കൂടാതെ, പ്രതിനിധികള്‍ക്ക് ഏഴോളം ആഡംബര ഹോട്ടലുകളിലെ താമസത്തിനായി 23,42,725 രൂപയും സര്‍ക്കാര്‍ ചെലവാക്കി. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണ ചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്. വികസനത്തിനു പണമില്ല എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഇത്തരം ധൂര്‍ത്തുകളും നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. ട്വന്റി ഫോര്‍ ന്യൂസ് ആണ് തെളിവുകള്‍ സഹിതം വാര്‍ത്ത പുറത്തു വിട്ടത്.