തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് തടയാന്‍ സര്‍ക്കാര്‍ ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഒരു കാരണവശാലും അദാനി ഗ്രൂപ്പിന് കൈമാറില്ല എന്ന വാശിയില്‍ സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. നേരത്തെ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചത്.

അതേസമയം സര്‍ക്കാരിന്റെ നടപടിയെ പ്രാദേശിക തലത്തില്‍ രൂക്ഷമായ രീതിയില്‍ എതിര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. വിമാനത്താവളം വികസിക്കുവാന്‍ ഒരു ചെറു വിരല്‍ പോലും അനക്കുവാന്‍ തയ്യാറാകാത്ത അധികാരികള്‍ അധാനിയെ എതിര്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് എന്ന് അവര്‍ ആരോപിക്കുന്നു. നിലവില്‍ വളരെ ശോകമായ അവസ്ഥയിലൂടെയാണ് വിമാനത്താവളം കടന്നു പോകുന്നത് എന്ന് അവര്‍ പറയുന്നു. സ്വകാര്യവല്‍ക്കരിച്ചാല്‍ വിമാനത്താവളത്തിനു ഗുണം മാത്രമേ ഉണ്ടാകു എന്നും അവര്‍ വ്യക്തമാക്കുന്നു.