കണ്ണൂരില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത് സ്വന്തം അമ്മ

കാമുകന് ഒപ്പം സസുഖം വാഴാന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ നിയമത്തിന്റെ പിടിയില്‍. തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. അമ്മ ശരണ്യയാണ് അറസ്റ്റിലായത്. കാമുകനൊത്ത് ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കടല്‍ഭിത്തിയ്ക്ക് മുകളില്‍ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛന്‍ പ്രണവ് ആണെന്നായിരുന്നു ശരണ്യയുടെ മൊഴി. എന്നാല്‍ ഇത് പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കാതെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരണ്യ പിടിയിലായത്.വളരെ ക്രൂരമായാണ് ശരണ്യ പാതകം നടത്തിയത്. രണ്ടുതവണ കടല്‍ഭിത്തിയിലെ കരിങ്കല്ലിലേക്ക് എറിഞ്ഞാണ് കുട്ടിയെ അവള്‍ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ അവിടെനിന്ന് പോയത്. അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ കുട്ടിയെ കാണാനില്ലെന്ന് ശരണ്യയും ഭര്‍ത്താവ് പ്രണവും വേറെ വേറെ പരാതികള്‍ നല്‍കിയിരുന്നു. പ്രണവും ശരണ്യയും തമ്മില്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിതാവിനെതിരെ സംശയമുന്നയിച്ച് ശരണ്യയുടെ ബന്ധുവും പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായി കടല്‍ക്കരയിലെ പാറക്കെട്ടിനുളളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.