പാലാരിവട്ടം അഴിമതി ; കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് വിജിലന്‍സ്

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ്. കേസില്‍ 19 പേരെ കൂടി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം തുടങ്ങി. അതോടൊപ്പം ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസും അന്വേഷിക്കാനാണ് തീരുമാനം.

പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ അനുവദിച്ച് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനൊപ്പം മറ്റു മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി ഒപ്പിട്ടതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. താഴേത്തട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് ഫയല്‍ മുന്നിലെത്തിയതെന്നും പണം കൈമാറാന്‍ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തെന്നുമാണ് വിജിലന്‍സിന്റെ ചോദ്യം ചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്.

ഈ സാഹചര്യത്തിലാണ് ഫയലില്‍ ഒപ്പിട്ട മറ്റ് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കം. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. കേസില്‍ ഇതുവരെ ടി ഒ സൂരജ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍, ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജരായിരുന്ന ബെന്നി പോള്‍ എന്നിവരെ മാത്രമാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത്.

വരും ദിവസങ്ങളില്‍ പൊതുമരാമത്ത് വകുപ്പിലെ 19 പേരെ കൂടി ചോദ്യം ചെയ്യാനും നീക്കം തുടങ്ങി. ടി ഒ സൂരജിനെയും സുമിത് ഗോയലിനെയും ഇതോടൊപ്പം വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം. ഇതിന് ശേഷമാകും ഇബ്രാഹിം കുഞ്ഞിനെയും ചോദ്യം ചെയ്യുക. അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് ഇടപാടുകള്‍ പരിശോധിക്കാനും വിജിലന്‍സ് നീക്കമുണ്ട്. അടുത്ത ബന്ധുക്കളുടെ സ്വത്തുക്കളെപ്പറ്റിയും അന്വേഷിക്കും. സംസ്ഥാനത്തും പുറത്തുമുള്ള സ്വത്തുക്കള്‍, വ്യവസായ സംരംഭങ്ങള്‍, നിഷേപം എന്നിവ പരിശോധിക്കുമെന്നാണ് സൂചന.