പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ ഹെല്‍ത്ത് ഓഫീസറെ അറിയിക്കണമെന്നുള്ള നിബന്ധന ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

1954 ലെ എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങളുടെ നാല്പത്തി മൂന്നാം വകുപ്പ് പ്രകാരം മൃതദേഹമോ, ചിതാഭസ്മംമോ വിദേശ രാജ്യത്തു നിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയില്‍ വന്നിറങ്ങുന്ന എയര്‍പ്പോട്ടിലെ ഹെല്‍ത്ത് ഓഫീസറെ അറിയിച്ചിരിക്കണം എന്ന എയര്‍ ഇന്ത്യയുടെ ഉത്തരവിനെതിരെ പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജ്ജിയിലാണ് ബഹുമാനപ്പെട്ട കോടതിയുടെ വിധി.

എയര്‍ ഇന്ത്യയുടെ ഈ ഉത്തരവ് പ്രവാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും നിലവിലെ നിബദ്ധനയില്‍ മാറ്റം വരുത്തുവാന്‍ എയര്‍ ഇന്ത്യയോ, കേന്ദ്ര സര്‍ക്കാരോ തയാറായില്ല.

ഈ സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജോസ് എബ്രഹാം മുഖേന പ്രവാസി ലീഗല്‍ സെല്‍ 2017 ജൂലൈ മാസത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചത്. ചീഫ് ആക്റ്റിങ് ജസ്റ്റിസായിരുന്ന ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയതിനും, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും, എയര്‍ ഇന്ത്യയ്ക്കും തുടര്‍ന്ന് നോട്ടീസ് അയക്കുകയുണ്ടായി.

1954 എയര്‍ ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങളില്‍ മാറ്റം വരുത്തി എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങള്‍ 2015 എന്ന പേരില്‍ ഉത്തരവ് തയാറാക്കിയതായും അതില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും അറിയിക്കണമെന്നത് 12 മണിക്കൂറായി കുറക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചുവെങ്കിലും നാളിതുവരെ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും മേല്‍പ്പറഞ്ഞ കരട് നിയമത്തിന്റെ നില വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ 48 മണിക്കൂര്‍ മുന്‍പേ അറിയിക്കണമെന്ന കര്‍ശനമായ നിബന്ധന ആവശ്യമില്ലെന്നും, വിദേശരാജ്യത്തിന്റെ ആരോഗ്യവകുപ്പ് നല്‍കുന്ന മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള റദ്ദാക്കിയ പാസ്‌പ്പോര്‍ട്ടിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ നല്‍കിക്കൊണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ സാധിക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജ്ജരായ അഭിഭാഷകന്‍ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ പലപ്പോഴും വലിയ കാലതാമാസമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ 48 മണിക്കൂര്‍ അധിക കാത്തിരിപ്പിന് കാരണമാകാവുന്ന ഈ നിലപാട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രവാസിഭാരതീയര്‍ക്ക് ആശ്വാസകരമാണെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മൃതദേഹം തൂക്കിനോക്കി യാത്രാക്കൂലി നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു.

പ്രവാസികളുമായി ബന്ധപ്പെട്ട- വിദേശത്തും, സ്വദേശത്തുമുള്ള നിയമ പ്രശ്‌നങ്ങളില്‍ സഹായത്തിനായി പ്രവാസി ലീഗല്‍ സെല്‍ അംഗങ്ങളെ സമീപിക്കാമെന്ന് പി. എല്‍ സി ഭാരവാഹികള്‍ അറിയിച്ചു.