ആഷിക് അബുവിന് എന്റെ വക അഞ്ച് : ഷോണ്‍ ജോര്‍ജ്ജ് (വീഡിയോ)

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് ഒരു ചൊല്ലുണ്ട്. അതിന്റെ അനുഭവസ്ഥന്‍ ഇപ്പോള്‍ ആരാണ് എന്ന്
ചോദിച്ചാല്‍  പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ആഷിക് അബു എന്ന് പറയാം. കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുന്‍പ് താന്‍ തുറന്നു വിട്ട പല പാമ്പുകളും തിരിച്ചു കൊത്തുകയാണ് അബുവിനെ. അബു ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണ് എന്ന് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്.

കെ എം മാണിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അഞ്ചു കോടി ബജറ്റില്‍ വകയിരുത്തിയ വാര്‍ത്ത വന്നപ്പോള്‍ തന്നെ എല്ലാവരും ആദ്യം ഓര്‍മ്മിച്ചത് ”’അഷ്ടിച് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണി സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.” എന്ന അബുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ആണ്. ആഷികിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പലരും ട്രോളുകള്‍ ഇറക്കിയിരുന്നു.

അതിന്റെ ഒരു ബഹളം തീര്‍ന്ന ഉടനെയാണ് പ്രളയദുരിതാശ്വാസത്തിനു എന്ന പേരില്‍ പരിപാടി നടത്തി പിരിഞ്ഞു കിട്ടിയ തുക ആഷിക്ക് സര്‍ക്കാരിനു നല്‍കിയില്ല എന്ന കാര്യം തെളിവ് സഹിതം പുറത്തു വന്നത്. ഇതില്‍ പല വിധത്തില്‍ ന്യായീകരണം നടത്താനും തെളിവ് നിരത്താനും ആഷിക്ക് ശ്രമിച്ചു എങ്കിലും കള്ളത്തരം എല്ലാം സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി.

ഇപ്പോഴിതാ മാണിയെ കളിയാക്കിയ അതെ പാമ്പ് തിരിഞ്ഞു കൊത്തിയ നിലയിലാണ് അബു. ആഷിക് അബുവിന് അഞ്ചു രൂപ മണിയോഡര്‍ അയച്ചിരിക്കുകയാണ് യുവജനപക്ഷം നേതാവും പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്ജ്. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് ഷോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ആഷിഖ് അബുവിന് എന്റെ വക അഞ്ച് രൂപാ…..
രാഷ്ട്രീയ പരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇത് കെ എം മാണിയെ സ്‌നേഹിക്കുന്ന കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു. എന്നാണ് പോസ്റ്റ്.

മാണിയുടെ പാര്‍ട്ടിയിലും കുടുംബത്തിലും ഉള്ളവര്‍ ആരെങ്കിലും ഇങ്ങനെ ഒരു അഞ്ചു രൂപ എങ്കിലും ആഷിക് അബുവിന് അയക്കും എന്ന് കരുതി താന്‍ കാത്തിരിക്കുകയായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ഉള്ള നിലയില്‍ അവരാരും ഇങ്ങനെ ചെയ്യില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് താന്‍ ഒരു അഞ്ചു രൂപ അയക്കുന്നത് എന്നും ഷോണ്‍ പറയുന്നു.