ലോക കേരള സഭയിലെ സര്‍ക്കാര്‍ ധൂര്‍ത്ത് ; കഴിച്ചതിന്റെ കാശ് തിരിച്ചു കൊടുക്കാം എന്ന് സോഹന്‍ റോയ്
ലോക കേരള സഭയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ വന്‍ ധൂര്‍ത്ത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സിനിമാ സംവിധായകന്‍ സോഹന്‍ റോയി. കഴിച്ച ഭക്ഷണത്തിന് ചെലവായ തുക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു സോഹന്‍ റോയ് പറയുന്നത്.
ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്നേഹപൂര്‍വ്വം നിരസിച്ചിരുന്നുവെന്നും സോഹന്‍ റോയി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
‘ആരോ സ്പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററി0ഗ് കമ്പനികള്‍ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിക്കും’, സോഹന്‍ റോയ് കുറിച്ചു.
സഭയില്‍ പങ്കെടുക്കാനെത്തിയവരുടെ താമസത്തിനും ഭക്ഷണത്തിനുമായി മാത്രം ഒരു കോടിയോളം രൂപ ചെലവായതായി വിവരാവകാശ രേഖ തെളിയിക്കുന്നു. ഭക്ഷണം നല്‍കിയതതിനു മാത്രം 60 ലക്ഷമാണ് ചെലവായത്. കൂടാതെ, സമ്മേളനത്തിനെത്തിയ പ്രതിനിധികളെല്ലാം ആഡംബര ഹോട്ടലുകളിലാണ് താമസിച്ചത്.
ഭരണപക്ഷ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കുപുറമേ 178 പ്രവാസി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുത്തത്. ജനുവരി 1, 2, 3 തിയതികളില്‍ തിരുവനന്തപുരത്തായിരുന്നു ലോകകേരള സഭ സംഘടിപ്പിച്ചത്. പരിപാടി നടന്നത് ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണെങ്കിലും ഡിസംബര്‍ 31 മുതല്‍ ജനുവരി 4വരെ താമസിക്കാനുള്ള സൗകര്യം പ്രതിനിധികള്‍ക്ക് ഒരുക്കിയിരുന്നു. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.
CAG റിപ്പോര്‍ട്ട് ഇടതുമുന്നണി സര്‍ക്കാരിനെ കുരുക്കിയ സമയത്താണ് സര്‍ക്കാരിന്റെ വന്‍ ധൂര്‍ത്തിന്റെ റിപ്പോര്‍ട്ട്കൂടി പുറത്തുവന്നിരിക്കുന്നത്. കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ലോക കേരള സഭയുടെ ചെലവുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. കടത്തില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ അമിത ആഡംബരം സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.