ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം ; കാരണം ജനിതക രോഗമെന്ന് ഡോക്ടര്‍

മലപ്പുറത്ത് തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒര്രു കുടുംബത്തിലെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികളുടെ മരണം സംഭവിച്ചത് ജനിതക പ്രശ്‌നങ്ങള്‍ കൊണ്ടാകാമെന്നാണ് മരിച്ച 2 കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍ നൗഷാദ് പറയുന്നത്.

കുട്ടികള്‍ പെട്ടെന്ന് മരിച്ച് പോകുന്ന ഈ സാഹചര്യത്തെ Sudden Infant Death Syndrome (SIDS) എന്നാണ് പറയുക. ഈ സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടെത്താന്‍ കഴിയില്ല. ഈ പ്രശ്‌നം ഉള്ള കുട്ടികള്‍ ഒരു വയസിന് മുകളില്‍ ജീവിക്കുകയില്ല. മൂന്നാമത്തെ കുട്ടി നാലര വയസ് വരെ ജീവിച്ചത് അത്ഭുതം ആണെന്നും കുട്ടിയെ വിദഗ്ദ്ധ പരിശോധനക്ക് വേണ്ടി കൊച്ചിയിലേക്ക് മാറ്റിയത് ആണെന്നും ഡോ. നൗഷാദ് പറഞ്ഞു.

മരിച്ച ആറു കുട്ടികളില്‍ ആദ്യ രണ്ട് കുട്ടികളെയാണ് തിരൂര്‍ നേഴ്സിങ് ഹോമിലെ ശിശു രോഗ വിദഗ്ധനായ നൗഷാദ് ചികിത്സിച്ചിരുന്നത്. മൂന്നാമത്തെ കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി റഫര്‍ ചെയ്തു. ബന്ധുക്കളുടെ ആവശ്യപ്രകാരം മൂന്നാമത്തെ കുഞ്ഞിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലേക്ക് പരിശോധനക്ക് അയക്കുകയും ചെയ്തു. എന്നാല്‍ കാരണങ്ങള്‍ കണ്ടെത്താനായില്ല. ജനിതകരോഗമാകാം മരണം കാരണമെന്നും ഡോക്റ്റര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഡിവൈഎസ്പി ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണും. ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജന്റെ മൊഴി എടുക്കുന്നുണ്ട്. തറമ്മല്‍- റഫീഖ് സബ്‌ന ദമ്പതികളുടെ മക്കളാണ് ഇങ്ങനെ മരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. അഞ്ചു കുട്ടികള്‍ മരിച്ചത് ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ്, ഒരു കുട്ടി മരിച്ചത് നാലര വയസില്‍. ഇന്നലെ രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. ഇന്നലെ മരിച്ചത് 93 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ്.

മിക്ക കുട്ടികളും മരിച്ചത് ഉറക്കത്തില്‍ ആണ്. വിശദമായ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വം ആണ് SIDS എന്ന ഈ അവസ്ഥ എന്നും ജനിതക പ്രശ്‌നങ്ങള്‍ ആകാം ഇതിന് കാരണം എന്നും ഡോ. നൗഷാദ് വ്യക്തമാക്കി.

ഇന്നലെ പോസ്റ്റ് മോര്‍ട്ടത്തിലും കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിശദമായി ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങള്‍ എടുക്കും എങ്കിലും ഡോക്ടറുടെ വിശദീകരണത്തൊടെ മരണങ്ങളിലെ ദുരൂഹത നീങ്ങുക ആണ്.