വെടിയുണ്ട കാണാതായ സംഭവം ; ക്യാമ്പില്‍ നിന്നും പിച്ചള മുദ്ര പിടിച്ചെടുത്തു ; പുറംചട്ട ഉരുക്കി നിര്‍മിച്ചതെന്ന് സംശയം

കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെടിയുണ്ടകളുടെ പുറംചട്ട ഉരുക്കി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓഫീസിലെ പോഡിയത്തില്‍ പതിപ്പിച്ചിരുന്ന പിച്ചള മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കാലി കെയ്സുകള്‍ ഉരുക്കിയാണ് ഈ പിച്ചള മുദ്ര നിര്‍മിച്ചതെന്നാണ് സംശയം.

350 കാട്രിജുകളും പരിശോധനയില്‍ പിടിച്ചെടുത്തതായാണ് വിവരം. പിടിച്ചെടുത്തവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഡിവൈഎസ്പി അനില്‍ കുമാര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏത് കാലത്താണ് പിച്ചള മുദ്ര നിര്‍മിച്ചതെന്ന് പരിശോധിക്കുകയാണ് ഇക്കാര്യത്തിലുള്ള ആദ്യ ഘട്ടം. എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ പൊലീസ് സ്റ്റോറിലേക്ക് വെടിയുണ്ടകളുടെ പുറംചട്ട തിരികെ ഏല്‍പിക്കേണ്ടതാണ്. ഇത് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളാ പൊലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷകന്റെ ഹര്‍ജി മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി നീരീക്ഷിച്ചു. ഹര്‍ജി അപക്വമാണെന്നും ഈ വിഷയത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പൊലീസിന്റെ പക്കലുണ്ടായിരുന്ന 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.