കൊറോണ വൈറസ് ; ഇറാനില്‍ രണ്ട് പേര്‍ മരിച്ചു
കൊറോണ വൈറസ് ബാധ മൂലം ഇറാനില്‍ രണ്ട് പേര്‍ മരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആദ്യമായി രോഗം കണ്ടെത്തിയ രണ്ട് പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 2120 ആയി. ടെഹ്‌റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതര്‍ക്കൊപ്പം വൈറസിനെ നേരിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. 12 അംഗ സംഘമാണ് ചൈനയിലുള്ളത്. വുഹാനിലേക്ക് 30,000 മെഡിക്കല്‍ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. വുഹാനില്‍ യാത്രകള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം നീട്ടിവെയ്ക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ചൈനയില്‍ മാത്രം രണ്ടായിരത്തിനു മുകളിലാണ് മരണം രേഖപ്പെടുത്തിയത്. ലോകത്താകെ 75,291 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 14,452 പേര്‍ ആശുപത്രി വിട്ടു.