തളര്‍ച്ചയ്ക്ക് ഇടയിലും ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ 2019ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ. 1990കളിലെ ആഗോളവത്കരണം വഴി ഇന്ത്യയെ തുറന്ന വിപണിയാക്കി മാറ്റിയ അന്നത്തെ സര്‍ക്കാരുകളുടെ തീരുമാനമാണ് ഇന്ത്യയുടെ മുന്നേറ്റ രഹസ്യമെന്നും അവര്‍ പറയുന്നു.
പട്ടികയില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയുമാണ് ഇന്ത്യ മറികടന്നത്. 2019 ല്‍ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു. ബ്രിട്ടന്റെ ജിഡിപി 2.83 ലക്ഷം കോടി ഡോളറിന്റേതാണ്. ഫ്രാന്‍സിന്റേതാകട്ടെ 2.71 ലക്ഷം കോടി ഡോളറിന്റേതും. ഉയര്‍ന്ന ജനസംഖ്യയായതിനാല്‍ ഇന്ത്യയിലെ ആളോഹരി വരുമാനം 2170 അമേരിക്കന്‍ ഡോളറാണ്. അമേരിക്കയില്‍ ഇത് 62794 ഡോളറാണ്. അതേസമയം നടപ്പുവര്‍ഷം ഇന്ത്യന്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനത്തില്‍ നിന്ന് 5% ആയി കൂപ്പുകുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിദേശ വ്യാപാരം, നിക്ഷേപം എന്നിവയിലെ നിയന്ത്രണം കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം 60 ശതമാനമയതും മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയുടെ സേവന മേഖല ലോകത്തെ ഏറ്റവും വേഗം വളരുന്നതാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 60 ശതമാനവും തൊഴില്‍മേഖലയില്‍ 28 ശതമാനവും ഈ മേഖലയുടെ വകയാണ്.
എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തളര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ശതമാനത്തിലേക്ക് വളര്‍ച്ചാ നിരക്ക് ഇടിയുമെന്നാണ് കരുതുന്നത്.