ഇവിപി ഫിലിം സിറ്റിയില്‍ അപകടം തുടര്‍ക്കഥ എന്ന് നടി അമൃത ; ബിഗില്‍ ഷൂട്ട് സമയവും ക്രെയിന്‍ തകര്‍ന്നു വീണു
ഇന്ത്യന്‍ 2 ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട വിവരം ഞെട്ടലോടെയാണ് സിനിമാ ലോകം അരിഞ്ഞത്. സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള ഒരുക്കത്തിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന വലിയ ലൈറ്റുകള്‍ വീണാണ് അപകടമുണ്ടായത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.
എന്നാല്‍ ഈ ഇവിപി ഫിലിം സിറ്റിയില്‍ അപകടം പുതിയ സംഭവം അല്ല എന്ന് വെളിപ്പെടുതിയിരിക്കുകയാണ് സിനിമാ താരം അമൃത. വിജയ് ചിത്രം ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം ഉണ്ടായിരുന്നു എന്ന് അമൃത പറയുന്നു. ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇരുന്ന ടെന്റിനു മുകളിലേക്കു വീഴുകയായിരുന്നു.
ഹെവി ഡ്യൂട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. ഇവിപി ഫിലിം സിറ്റിയില്‍ തന്നെയാണ് സമാനമായ അപകടമുണ്ടായത്. ഈ സാഹചര്യത്തിലാണ് ബിഗിലില്‍ പ്രധാനവേഷത്തിലെത്തിയ അമൃത ഇവിപിക്കെതിരെ ട്വീറ്റ് ചെയ്തത്. സെറ്റിന് എന്തോ പ്രശ്നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്നാണ് അമൃതയുടെ അപേക്ഷ.
വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്” അമൃത പറയുന്നു.