ആധാര്‍ ഉണ്ടെങ്കില്‍ ഞൊടിയിടയില്‍ പാന്‍കാര്‍ഡ് ലഭിക്കും
ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഇനി 10 മിനിറ്റിനുള്ളില്‍ പാന്‍കാര്‍ഡ് സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആധാര്‍ നമ്പര്‍ മാത്രം നല്കിയാല് ഇനി വേഗത്തില്‍ പാന്‍ ലഭിക്കും. ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്കിയാല് ഇ-കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകി 10 മിനിറ്റിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും. ലാമിനേറ്റഡ് പാന്‍കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ലഭ്യമാണ്.പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് പണം നല്‍കേണ്ടതില്ല.
പാന്‍ വേഗത്തില്‍ ലഭിക്കാന്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ ഇന്‍സ്റ്റന്റ് പാന്‍ ത്രു ആധാര്‍ എന്ന ലിങ്കിലാണ് പ്രവേശിക്കേണ്ടത്. തുടര്‍ന്ന് പുതിയ പേജില്‍ ഗെറ്റ് ന്യു പാന്‍ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധാര്‍ നമ്പര്‍ നല്‍കുക. ക്യാപ്ചെ കോഡ് നല്കിയാല് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. തുടര്‍ന്ന് ഒടിപി രേഖപ്പെടുത്തി ആധാര്‍ വിവരങ്ങള്‍ വാലിഡേറ്റ് ചെയ്യുക.
പാന്‍ അപേക്ഷയോടൊപ്പം ഇ-മെയില്‍ ഐഡിയും വാലിഡേറ്റ് ചെയ്യാന്‍ അവസരമുണ്ട്. ആധാര്‍ നമ്പര്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്ക്ക് കൈമാറിയതിന് ശേഷം അപ്പോള്‍തന്നെ ഇ-പാന്‍ കാര്‍ഡ് ലഭിക്കും. ചെക്ക് സ്റ്റാറ്റസ്/ ഡൗണ്‍ലോഡ് പാന്‍-എന്ന സ്ഥലത്ത് ആധാര്‍ നമ്പര്‍ നല്കി പിഡിഎഫ് ഫോര്‍മാറ്റിലുളള പാന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇ-മെയിലിലും പിഡിഎഫ് ഫോര്‍മാറ്റിലും പാന്‍ ലഭിക്കും.
നേരത്തെ പാന്‍ ലഭിക്കാത്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വര്‍ഷവും ഉള്‍പ്പടെ ആധാറില്‍ ഉണ്ടായിരിക്കുകയുംവേണം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാന്‍ ലഭിക്കില്ല. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.