ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗീകാരോപണം ; കന്യാസ്ത്രീ രംഗത്ത്

വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീകാരോപണവുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത്. ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയാണ് മൊഴി നല്‍കിയത്. മഠത്തില്‍വച്ച് ബിഷപ് കടന്ന് പിടിച്ചെന്നും വിഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രി മൊഴി നല്‍കി.

ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രി മൊഴി നല്‍കി. കന്യാസ്ത്രിയുടെ മൊഴിയില്‍ ഫ്രാങ്കോയ്ക്കെതിരെ കേസ് എടുത്തില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലായെന്ന് കന്യാസ്ത്രി അറിയിച്ചതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഫ്രാങ്കോയെ ഭയന്നാണ് സത്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

ബിഷപ്പ് ലൈംഗിച്ചുവയോടെ സംസാരിച്ചപ്പോള്‍ താന്‍ അത് വിലക്കി. പിന്നീട് തന്നെ കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയില്‍ മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ഉമ്മ വെച്ചതായും മൊഴിയില്‍ പറയുന്നു. പേടി കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. എന്നാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഒഴിവാക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക എഫ്‌ഐആര്‍ ഇടണമെന്നും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.