പൊക്കമില്ല എന്ന് പറഞ്ഞു കൂട്ടുകാര്‍ കളിയാക്കി ; കുഞ്ഞു ക്വാഡനു പിന്തുണയുമായി പ്രമുഖര്‍ രംഗത്ത്

കൂട്ടുകാര്‍ നിരന്തരം കുള്ളന്‍ എന്ന് പറഞ്ഞു കളിയാക്കിയ്തിന്റെ പേരില്‍ എന്നെ ആരെങ്കിലും കൊന്നു തരു എന്ന് നെഞ്ചുപൊട്ടി കരയുന്ന ഒരു കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ആ വീഡിയോ.

ഇവരുടെ മകന്‍ ഒമ്പതു വയസുള്ള ക്വാഡനാണ് പൊക്കക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കുന്നത് സഹിക്കാന്‍ കഴിയാതെ നെഞ്ചു തകര്‍ന്ന് കരയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചാണ് ക്വാഡന്‍ കരയുന്നത്.

കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകന്‍ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ‘ എനിക്കൊരു കയര്‍ തരൂ. ഞാന്‍ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്. ഒന്‍പതുകാരനായ ക്വാഡന്‍ ഉയരം കുറഞ്ഞ അവസ്ഥയുളള കുട്ടിയാണ്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയത്.

”ക്വാഡന്‍, നിനക്ക് അറിയുന്നതിനെക്കാള്‍ കരുത്തനാണ് നീ. എന്തായാലും എന്നില്‍ നിനക്കൊരു സുഹൃത്തുണ്ട്. എല്ലാവരോടും കൂടിയാണ്. നമുക്ക് മറ്റുള്ളവരോട് അനുകമ്പ കാണിക്കണം. ബുള്ളിയിംഗ് നല്ലതല്ല. ജീവിതം അല്ലെങ്കില്‍ തന്നെ ബുദ്ധിമുട്ടാണ്. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും ഓരോ തരത്തിലുള്ള പോരാട്ടങ്ങള്‍ നടത്തുകയാണെന്ന് നമുക്ക് ഓര്‍മിക്കാം. നമുക്ക് അനുകമ്പ ഉള്ളവരാവാം”- തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജാക്ക്മാന്‍ പറഞ്ഞു.

അതുപോലെ ക്വാഡന് വേണ്ടി ധനസമാഹരണത്തിനായി ഹാസ്യനടന്‍ ബ്രാഡ് വില്യംസ് ഒരു സംരംഭം ആരംഭിച്ചു. ഗോ ഫണ്ട് മീ എന്ന പേജിലൂടെ 181,000 ഡോളര്‍ (ഏകദേശം 1.30 കോടി രൂപ) അദ്ദേഹം സമാഹരിച്ചു. ക്വാഡനു വേണ്ടി ഒരു ഡിസ്‌നിലാന്‍ഡ് കാലിഫോര്‍ണിയ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഈ ഫണ്ട് ഉപയോഗിക്കും എന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനെ പിന്തുണച്ച് രംഗത്തെത്തി. എന്‍ആര്‍എല്‍ ഓള്‍ സ്റ്റാര്‍സ് മാച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ അവര്‍ ക്ഷണിക്കുകയും ചെയ്തു.