പൗരത്വ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ വിളി ; യുവതിയെ 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരുവില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ യുവതിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് യുവതിക്ക് ജാമ്യം നിഷേധിച്ചു. യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബംഗളൂരുവില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി അടക്കം പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്.

അമൂല്യ എന്ന യുവതിയാണ് മുദ്രാവാക്യം മുഴക്കിയത്. പരിപാടില്‍ പങ്കെടുക്കാനെത്തിയവരോട് മുദ്രാവാക്യം ഏറ്റുവിളിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അസദുദ്ദീന്‍ ഒവൈസിയും സംഘാടകരും ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുന്നത് തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ പൊലീസ് യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 124 എ, 153 എ, ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം തന്റെ പാര്‍ട്ടിക്ക് യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി പറഞ്ഞു. എനിക്കും എന്റെ പാര്‍ട്ടിക്കും യുവതിയുമായി ഒരു ബന്ധവുമില്ല. സംഘാടകര്‍ യുവതിയെ ഇവിടെ ക്ഷണിക്കാന്‍ പാടില്ലായിരുന്നു. എനിക്കറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. ഞങ്ങള്‍ ഒരു തരത്തിലും പാകിസ്ഥാനെ പിന്തുണയ്ക്കില്ല- അദ്ദേഹം വ്യക്തമാക്കി.

അപ്രതീക്ഷിതമായി സദസിലേയ്ക്ക് കയറിവന്ന യുവതിയുടെ ഈ നടപടിയില്‍ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.

പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. മാത്രമല്ല ഒവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ നില്‍ക്കുകയായിരുന്നു.

ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധ റാലിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരിപാടിയിലെ തന്റെ പ്രസംഗം കഴിഞ്ഞ് ഒവൈസി മടങ്ങുമ്പോള്‍ ആയിരുന്നു അമൂല്യ ലിയോണയുടെ (Amulya Leona) വേദിയിലേക്കുള്ള അപ്രതീക്ഷിത കടന്നുകയറ്റം.