അന്യ സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു ആധാര്‍ കാര്‍ഡ് പിടിച്ചു വാങ്ങിയ സംഭവം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
അന്യ സംസ്ഥാന തൊഴിലാളിയെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെയാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തു.
ഗൗതം മണ്ഡല്‍ എന്നാണ് മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ പേര്. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. സുരേഷ് ഗൗതമിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഗൗതം മണ്ഡലിന്റെ വിശദമായ മൊഴി വിഴിഞ്ഞം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡലിനെ സുരേഷ് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ മര്‍ദ്ദിക്കുവാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മര്‍ദ്ദിച്ച ശേഷം ഗൗതം മണ്ഡലിന്റെ ആധാര്‍ കാര്‍ഡ് സുരേഷ് പിടിച്ചുവാങ്ങി. മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഗൗതം മണ്ഡലിന് തിരികെ നല്‍കിയത്. ആധാര്‍ പിടിച്ചു വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനില്‍ പോയി വാങ്ങിച്ചുകൊള്ളാന്‍ ഇയ്യാള്‍ ഗൌതമിനോട് പറയുന്നുണ്ട്.