കൊല്ലത്ത് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ കേന്ദ്ര അന്വേഷണം
കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ അന്വേഷണം ആരംഭിച്ചു. കൂടാതെ എന്‍ഐഎ സംഘമെത്തിയും അന്വേഷണം നടത്തും. വെടിയുണ്ടകള്‍ പാക് നിര്‍മിതമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേസ് കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷിക്കുന്നത്. പിഒഎഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ ഓഡന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് ഇത്. ഈ കണ്ടെത്തലാണ് പുതിയ സംശയങ്ങള്‍ക്ക് വഴിവച്ചത്. പാക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ് പിഒഎഫ്.
ഇന്നലെ വൈകിട്ടോടെയാണ് കൊല്ലം കുളത്തൂപ്പുഴയില്‍ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ ദേശീയ പാതയില്‍ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെടുത്തത്. നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 വെടിയുണ്ടകള്‍ ബുള്ളറ്റ് കെയ്സിലും നാലെണ്ണം പുറത്തുമായിരുന്നു ഉള്ളത്.
1981, 1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതാണ് വെടിയുണ്ടകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 7. 62 എം എം വെടിയുണ്ടയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നവയാണ് 7.62 എംഎം വെടിയുണ്ട.