ഭൂമി പരന്നതാണ് എന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി പരീക്ഷണം നടത്തിയയാള്‍ക്ക് ദാരുണമായ അന്ത്യം
ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി യാത്ര നടത്തിയ 64കാരന് ദാരുണാന്ത്യം. മൈക്കല്‍ ഹ്യൂഗ്‌സ് എന്ന പരന്ന ഭൂമി സിദ്ധാന്തക്കാരന്‍ ആണ് റോക്കറ്റ് തകര്‍ന്ന് മരിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയ മരുഭൂമിയിലേക്ക് പറപ്പിച്ച റോക്കറ്റ് തകര്‍ന്നാണ് മൈക്കല്‍ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഏതാണ്ട് 5000 അടി ഉയരത്തില്‍ എത്താനായിരുന്നു ഹ്യൂഗ്‌സിന്റെ ശ്രമം. യുഎസ് സയന്‍സ് ചാനലിലെ ഹോംമേഡ് അസ്ട്രനോട്ട്‌സ് എന്ന പരിപാടിയുടെ ഭാഗമായി ഈ പറക്കലും അപകടവും ഷൂട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ട വീഡിയോയില്‍ റോക്കറ്റ് വിക്ഷേപിക്കുന്നതും പൊട്ടിത്തകരുന്നതും കാണാം.
ഒരു സഹായിയോടൊപ്പമാണ് ഹ്യൂഗ്‌സ് ഈ റോക്കറ്റ് നിര്‍മ്മിച്ചത്. ഏതാണ് 18000 യുഎസ് ഡോളര്‍ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം. മുന്‍പും ഹ്യൂഗ്‌സ് ഇത്തരത്തിലുള്ള പറക്കലുകള്‍ നടത്തിയിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ ബഹിരാകാശത്തേക്ക് കഴിയുന്നത്ര ദൂരം പറന്ന് ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു ഹ്യൂഗ്‌സിന്റെ ശ്രമം.
ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ള ആളാണ് മൈക്കില്‍. നാസ പോലുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. അത് തെളിയിക്കനായിരുന്നു റോക്കറ്റ് സഞ്ചാരം ഇദ്ദേഹം പരീക്ഷിച്ചത്.