പൗരത്വ നിയമം പ്രതിഷേധം ; ഡല്‍ഹിയില്‍ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ റോഡില്‍ ഏറ്റുമുട്ടി. മൗജ്പൂരിലും ഭജന്‍പുരയിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണ് ഇത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്കു ഞായറാഴ്ച മാര്‍ച്ച് നടത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ആരംഭിച്ചത്.
കല്ലേറില്‍ പരുക്കേറ്റ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അതേസമയം വെടിവെപ്പിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഹെഡ്കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് വടക്ക്കിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രണ്ട് ദിവസത്തിനിടെ നേരത്തെ ഒരു തവണയും ഇവിടെ പ്രശ്നമുണ്ടായിരുന്നു. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് പ്രക്ഷോഭത്തിനിടെ ഒരാള്‍ തോക്കുമായി ഓടി. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ടി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിക്കുകയുമുണ്ടായി.