ഡല്‍ഹി കലാപം ; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി

ഡല്‍ഹിയില്‍ കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. ഗോകുല്‍പുരിയിലെ മുസ്തഫാബാദിലാണ് കലാപമുണ്ടായത്. കലാപം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചു. 35 കമ്പനി അര്‍ധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഡല്‍ഹിയില്‍ കലാപം നിയന്ത്രിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്രിവാള്‍ പറഞ്ഞു.

‘ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണം. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നു’, കെജ്രിവാ?ള്‍ പറഞ്ഞു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആക്രമ സംഭവങ്ങള്‍ ചിന്താജനകമാണ്. നിരവധി പോലീസുകാര്‍ക്കും പ്രദേശവാസികള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. 7 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ക്കും കടകള്‍ക്കും തീവച്ചു, ഇത് വളരെ നിര്‍ഭാഗ്യകരമാണ്, അദ്ദേഹം പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങളില്‍ പോലീസ് സേനയുടെ കുറവ് ഉണ്ടെന്നും, മുകളില്‍ നിന്ന് ഉത്തരവുകള്‍ ലഭിക്കുന്നതുവരെ പോലീസിന് നടപടിയെടുക്കാനാവില്ലെന്നും ദുരിതബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ അറിയിച്ചതായി കെജ്രിവാ?ള്‍ പറഞ്ഞു. കലാപ ബാധിത പ്രദേശങ്ങളില്‍ പോലീസുമായി ചേര്‍ന്ന് സമാധാന മാര്‍ച്ച് നടത്താന്‍ ജില്ലാ മജിസ്ട്രേറ്റുകളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് ഗുണനിലവാരമുള്ള വൈദ്യസഹായം നല്‍കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പോലീസുമായി സഹകരിച്ച് കൃത്യസമയത്ത് ദുരിതബാധിത പ്രദേശങ്ങളില്‍ എത്താന്‍ അഗ്‌നിശമന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.