ദല്‍ഹി ആക്രമണത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
ദല്‍ഹിയില്‍ പൗരത്വ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപത്തിനു എതിരെ വിമര്‍ശനവുമായി ബി.ജെ.പി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. കലാപത്തിനു ആഹ്വാനംചെയ്ത കപില്‍ മിശ്രയ്ക്ക് എതിരെയും ഗംഭീര്‍ രൂക്ഷ വിമര്‍ശനം നടത്തി. കപില്‍ മിശ്രയല്ല ആരായാലും ഏതു പാര്‍ട്ടിക്കരാനായാലും പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്.
ദല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു.
‘മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.’ കപില്‍ മിശ്ര പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം അഴിച്ചു വിട്ടു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. ഇതോടെ കലാപത്തിന്റെ പിടിയിലാണ് ഡല്‍ഹി. ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്.