കയ്യില്‍ കാശില്ല എങ്കിലും മുഖ്യന് പറക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഉത്തരവ്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എങ്കിലും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഉത്തരവിറങ്ങി. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷത്തി അറുപതിനായിരം രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് വാടക. പവന്‍ ഹാന്‍സിന്റെ ഡൗഫിന്‍ എന്‍ ത്രീ ഹെലികോപ്റ്ററാണ് കേരളം വാടകയ്ക്ക് എടുക്കുന്നത്. ട്വന്റി ഫോര്‍ ന്യൂസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്.
ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ സാമ്പത്തിക പ്രതിസന്ധി ഘടകമായില്ല. മൂന്നു മാസത്തെ വാടക മുന്‍കൂര്‍ വേണമെന്ന നിലപാട് പവന്‍ ഹാന്‍സ് ഉപേക്ഷിച്ചതോടെ ഒരു മാസത്തെ വാടക മുന്‍കൂര്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരു കോടി നാല്‍പത്തിനാല് ലക്ഷത്തി അറുപതിനായിരം രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് പ്രതിമാസ വാടക.
പവന്‍ ഹാന്‍സിന്റെ വാടക സ്വകാര്യ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്‍ വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം മാവോയിസ്റ്റ് ബാധിത സംസ്ഥാനമായ ഛത്തിസ്ഗഢിന് 85 ലക്ഷം രൂപ വാടകയ്ക്കാണ് ചിപ്സണ്‍ ഹെലികോപ്റ്റര്‍ നല്‍കുന്നത്.
11 സീറ്റ്, ഇരട്ട എന്‍ജിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവയാണ് പവന്‍ ഹാന്‍സ് ഡൗഫിന്റെ സവിശേഷതയായി കേരള പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഹെലികോപ്റ്റര്‍ എന്ന് അവകാശപ്പെടുന്നെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇത് ഉപയോഗിക്കാനാവും. അതുകൊണ്ടുതന്നെ ആരാകും ഇത് കൂടുതല്‍ ഉപയോഗിക്കുക എന്ന് ഇപ്പഴേ പരസ്യമാണ്. പൊലീസാകും ഹെലികോപ്റ്റര്‍ സംരക്ഷിക്കുക.