ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ആര്‍ക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തനമേഖലകളിലും ഉറച്ചനിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും മാത്രമല്ല ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യവുമാണ് ക്രൈസ്തവരെന്നുള്ളത് മറക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു.
ആസൂത്രിതമായ അന്തിചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമുയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ തകര്‍ന്നടിയുന്നതാണ് ക്രൈസ്തവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെന്ന് കരുതുന്നവര്‍ പമ്പരവിഢികളാണ്. ക്രൈസ്തവവിരുദ്ധരുടെ അധരവ്യായാമങ്ങളിലൂടെ തെറിച്ചുപോകുന്നതല്ല തലമുറകളിലൂടെ കൈമാറിയ ആഴത്തിലുള്ള വിശ്വാസസത്യങ്ങള്‍. പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങള്‍ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളര്‍ന്നതല്ല ക്രൈസ്തവസഭ. സേവനവും സമര്‍പ്പണവും സ്നേഹത്തിന്റെ പങ്കുവയ്ക്കലും മുഖമുദ്രയായിട്ടുള്ള കത്തോലിക്കാസഭയിലേയ്ക്ക് ചൈന, ദക്ഷിണകൊറിയ, ആഫ്രിക്കന്‍ രാജ്യങ്ങളുള്‍പ്പെടെ ലോകത്തുടനീളം വിശ്വാസികളായി ജനസമൂഹമിന്ന് ഒഴുകിയെത്തുമ്പോള്‍ ആരും വിളറിപിടിച്ചിട്ടു കാര്യമില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവസഭ ശക്തമായി വീണ്ടും വളര്‍ന്ന് കരുത്താര്‍ജിക്കുന്നത് ലോകം കണ്ടുപഠിക്കേണ്ടതാണ്. കൂട്ടക്കുരുതി നടത്തിയും, ബലാല്‍ക്കാരമായും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് നിലനില്‍പ്പില്ലന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത് ക്രൈസ്തവവിരുദ്ധര്‍ കാണാതെ പോകുന്നു. തട്ടിക്കൊണ്ടുപോയും പീഡിപ്പിച്ചുമുള്ള മതപരിവര്‍ത്തനം എതിര്‍ക്കപ്പെടണമെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80 ശതമാനം മുസ്ലീം, 20 ശതമാനം എന്ന അനുപാതമേര്‍പ്പെടുത്തി ക്രൈസ്തവരുള്‍പ്പെടെ ഇതരവിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ വിവേചനം തിരുത്തപ്പെടണമെന്ന് വീണ്ടും ആവര്‍ത്തിച്ചു പറയുന്നു. ക്രൈസ്തവ സഭകള്‍ക്കുള്ളിലെ വിവിധ പ്രശ്നങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കപ്പെടും. ഇതരവിഷയങ്ങള്‍ ഇന്ത്യയുടെ ഭരണഘടനയ്ക്കും നിയമ നീതിസംവിധാനങ്ങള്‍ക്കും വിധേയമായി തീര്‍പ്പുണ്ടാക്കാമെന്നിരിക്കെ സഭയ്ക്കുനേരെയുള്ള ആസൂത്രിതമായ അക്രമനീക്കങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടും. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടി പരസ്പര സംവാദങ്ങളിലൂടെ രാജ്യം നേരിടുന്ന ആഭ്യന്തര അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് കത്തോലിക്കാസഭ ആവശ്യപ്പെടുന്നത്. പൗരത്വനിയമ ഭേദഗതിയുടെപേരില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളുടെ ജീവനെടുക്കുന്ന കൊടുംക്രൂരതയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കണം. അക്രമങ്ങളെയും ഭീകരവാദങ്ങളെയും പീഡനമതപരിവര്‍ത്തനത്തെയും എതിര്‍ക്കുന്ന സഭയുടെ വ്യക്തവും ഉറച്ചതുമായ നിലപാടിനെ വെല്ലുവിളിക്കാന്‍ സഭാസംവിധാനങ്ങളെയും അധികാരികളെയും അടച്ചാക്ഷേപിക്കുന്നത് ഒറ്റക്കെട്ടായി നേരിടുവാനുള്ള ആര്‍ജ്ജവം വിശ്വാസിസമൂഹത്തിനുണ്ടെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.