ഡല്‍ഹിയില്‍ ഐബി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ രഹസ്യാന്വേഷണ ബ്യൂറേ ഉദ്യോഗസ്ഥനെ മരിച്ച നിലിയല്‍ കണ്ടെത്തി. ഡല്‍ഹി ചാന്ദ്ബാഗിലെ അഴുക്ക് ചാലില്‍ നിന്നാണ് ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. കലാപത്തിന്റെ ഇടയില്‍ കല്ലേറില്‍ മരിച്ചതെന്നാണ് സംശയം.

അതേസമയം ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പരുക്കേറ്റ് ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേരാണ് ഇന്ന് മരിച്ചത്. ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാളും ഇന്ന് മരിച്ചു. പൊലീസ് എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രശ്ന ബാധിത മേഖലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചതായി കേജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. 200 ഓളം പേര്‍ക്കാണ് കലാപത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയാണ്.