ചരിത്രം വളച്ചൊടിച്ചു ; മരക്കാര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാറുടെ കുടുംബം
മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രം എന്ന നിലയില്‍ പ്രദര്‍ശനത്തിനു തയ്യാറാകുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം കുഞ്ഞാലി മരയ്ക്കാറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. എന്നാല്‍ റിലീസിന് മുന്പ് വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് സിനിമ. സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാറുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ആണ് കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്.
ചിത്രത്തില്‍ മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാര്‍ദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിന്റെ പ്രദര്‍ശനം തടയണം. നേരത്തെ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരുടെ ആവശ്യം സത്യമാണ് എന്ന തരത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞതും. കുഞ്ഞാലി മരയ്ക്കാരുടെ യഥാര്‍ത്ഥ ജീവിതകഥയല്ല ചിത്രം പറയുന്നത് എന്നു പ്രിയന്‍ പല വേദികളിലും പറഞ്ഞിരുന്നു.
പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന മരക്കാറില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. ഇവര്‍ക്കൊപ്പം അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. മാര്‍ച്ച് 26നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ റിലീസായിരുന്നു. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രാഹുല്‍ രാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കും.