നടിയെ ആക്രമിച്ച കേസ് : മുഖ്യ സാക്ഷികളുടെ വിസ്താരം നടക്കുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും. ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരമാണ് നടക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുള്ള ബെഞ്ചിനു മുന്നിലാണ് വിസ്താരം നടക്കുന്നത്.
കൂടാതെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ അഭിഭാഷകര്‍ക്ക് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കഴിയുമെന്നുമാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ എന്നിവരെ വിസ്തരിക്കും.
കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ കോടതി രേഖപ്പെടുത്തിയിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച അതേ കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവര്‍ത്തിച്ച ആ കോടതി മുറി പിന്നീട് സിബിഐ പ്രത്യേക കോടതിയാക്കി മാറ്റുകയായിരുന്നു. ആറുമണിക്കൂര്‍ നീണ്ടതായിരുന്നു മൊഴി രേഖപ്പെടുത്തലും, ക്രോസ് വിസ്താരവും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്.