വാട്ട്‌സ്ആപ്പിനും ട്വിറ്ററിനും ടിക്-ടോക്കിനുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
മതസൗഹാര്‍ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, വാട്സ് ആപ്പ്, ടിക്ടോക്ക് എന്നീ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു. ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000 ന് പുറമെ ഐപിസിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സില്‍വേരി ശ്രീശൈലം സമര്‍പ്പിച്ച ഹര്‍ജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ടിക് ടോക്കും വാട്‌സ്ആപ്പും ഉപയോഗിക്കുന്നുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ പാക്കിസ്ഥാനില്‍ നിന്നുള്ള ചില താല്‍പര്യക്കാര്‍ എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അത് ഇന്ത്യയില്‍ വൈറല്‍ ആകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഈ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ത്തന്നെ നോട്ടീസ് നല്‍കുമെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനിലെ സൈബര്‍ ക്രൈം വിഭാഗം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.