പാക്കിസ്ഥാനെ രക്ഷിക്കാന്‍ താറാവ് സേനയെ അയക്കില്ല എന്ന് ചൈന

വെട്ടുകിളികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പഠിച്ച പണി എല്ലാം നോക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ ഒന്നും ഫലവത്താകുന്നില്ല എന്നതാണ് സത്യം. അതിനിടയ്ക്കാണ് വെട്ടുകിളികളെ തുരത്താന്‍ താറാവ് സേനയെ അയക്കാം എന്ന് ചൈന പാക്കിസ്ഥാന് ഉറപ്പ് നല്‍കിയത്. എന്നാലിപ്പോള്‍ സേനയെ അയക്കില്ല എന്നാണ് ചൈന പറയുന്നത്.

പാക്കിസ്ഥാന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ ചൈനയുടെ താറാവ് സേനയ്ക്ക് അനുയോജ്യമല്ല എന്നതാണ് കാരണം. ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഷാങ് ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വരണ്ടതും ചൂടുകൂടിയതുമായ കാലാവസ്ഥയില്‍ ചൈനയിലെ താറാവ് സേനയ്ക്ക് പിടിച്ചു നില്ക്കാന്‍ സാധിക്കില്ല അതിനാല്‍, രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്ന ആശയം ചൈന ഉപേക്ഷിക്കുകയാണ് എന്ന് ഷാങ് ലോംഗ് പറഞ്ഞു.

ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഷാങ് ലോംഗ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ എത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ താറാവുകള്‍ക്ക് അനുയോജ്യമല്ലെന്നും അവയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ദൗത്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്മുന്‍പാണ് വെട്ടുകിളികളുടെ ആക്രമണത്തില്‍നിന്നും രക്ഷ നേടാന്‍ ചൈന താറാവുകളെ ഉപയോഗിച്ചുതുടങ്ങിയത്. താറാവുകള്‍ വെട്ടുക്കിളികള്‍ തിന്നുമെന്നതാണ് കാരണം. താറാവുകള്‍ കൂട്ടമായി കഴിയുന്നതും കോഴിയെക്കാള്‍ മൂന്ന് മടങ്ങ് വെട്ടുകിളികളെ ഭക്ഷിക്കും എന്നതും വെട്ടുകിളി ആക്രമണം തടയാന്‍ താറാവുകളെ ഉപയോഗിക്കുന്നതിന് കാരണമായി. കോഴികള്‍ ഒരു ദിവസം 70 വെട്ടുകിളികളെ ഭക്ഷിക്കുമ്പോള്‍ താറാവുകള്‍ 200 വെട്ടുകിളികളെ വരെ അകത്താക്കും

അതിനാലാണ് വെട്ടുകിളികളുടെ ആക്രമണ0 മൂലം പൊറുതി മുട്ടിയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ ചൈന തയ്യാറായതും. എന്നാല്‍ മോശം കാലാവസ്ഥ മൂലം ചൈനയ്ക്ക് ഈ പദ്ധതി ഉപേക്ഷിക്കെണ്ടതായി വന്നിരിക്കുകയാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമാണ് പാക്കിസ്ഥാന്‍ നേരിടുന്നത്. 2019 മാര്‍ച്ചിലാണ് വെട്ടുകിളി ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് സിന്ധിലെ 900,000 ഹെക്ടറിലേക്ക് ഇവ വ്യാപിച്ചു. കൂടാതെ, ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവ തിന്നുനശിപ്പിച്ചത്. പാക്കിസ്ഥാനിലെ പരുത്തി കൃഷിയേയും ഗോതമ്പ് കൃഷിയേയും വെട്ടുകിളികളുടെ ആക്രമണം കാര്യമായി ബാധിച്ചിരുന്നു.