ചികിത്സക്കായി തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ നേരിട്ടെത്തി ഗവര്‍ണര്‍
തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ എത്തിയ രോഗിയെ കണ്ടു നാട്ടുകാരും ഡോക്ക്ട്ടര്‍മാരും ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരും ആദ്യം ഒന്ന് അമ്പരന്നു. കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ആണ് മുന്നറിയിപ്പ് ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് എത്തിയത്.
മിന്നല്‍ പരിശോധനയാണോ എന്ന് ജീവനക്കാര്‍ക്ക് സംശയം ഉയര്‍ന്നു എങ്കിലും നേരെ ഡോക്ടറുടെ മുറിയിലേക്ക് കയറിയതോടെ ഗവര്‍ണര്‍ എത്തിയത് ചികിത്സക്കാണെന്ന് എല്ലാവരും ഉറപ്പിച്ചു. അപ്പോഴും ചിലര്‍ക്ക് സംശയം ബാക്കി, രാജ്ഭവനില്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എന്ത് കൊണ്ട് സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗവര്‍ണര്‍ എത്തി?
കണ്ണ് വരളുന്നതായിരുന്നു അസുഖം. പ്രശ്‌നം രൂക്ഷമായതോടെയാണ് ആശുപത്രിയില്‍ നേരിട്ട് എത്തി ചികിത്സ തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച അദ്ദേഹം എല്ലാ പരിശോധനകള്‍ക്കും വിധേയനായി. സങ്കീര്‍ണമായ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നു പരിശോധനയില്‍ വ്യക്തമായി.
അതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ കണ്ണില്‍ ഒഴിക്കേണ്ട തുള്ളി മരുന്നുമായി ഗവര്‍ണര്‍ മുറിക്ക് പുറത്തേക്ക്. മടങ്ങവേ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൈകൂപ്പി നന്ദി പറഞ്ഞ അദ്ദേഹം എല്ലാവരോടും കുശലന്വേഷണവും നടത്തി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അനുഭവം മികച്ചതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഏതായാലും ഒരു ഒ പി ടിക്കറ്റ് എടുത്താല്‍ ഗവര്‍ണറെ നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നു ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവര്‍ അടക്കം പറഞ്ഞു. ഗവര്‍ണറെ ചികിത്സിക്കാനായതിന്റെ അഭിമാനമായിരുന്നു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും. അതേസമയം നമ്മുടെ മന്ത്രിമാരും നേതാക്കന്മാരും ഗവര്‍ണ്ണറെ മാതൃകയാക്കണം എന്നും ചില രോഗികളും മറ്റും പറയുന്നു.