നടി ആക്രമിക്കപ്പെട്ട കേസ് ; നടന്‍ കുഞ്ചാക്കോ ബോബന് വാറന്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ വാറന്റ്. സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യമുള്ള അറസ്റ്റ് വാറന്റാണ് കൊച്ചിയിലെ വിചാരണ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 4 ന് ഹാജരാകാനാണ് നിര്‍ദേശം. പ്രോസിക്യൂഷന്‍ നിലപാടിനെ തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഇന്നലെയായിരുന്നു കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഹാജരാകാന്‍ സാധിക്കാത്തതിന്റെ കാരണം കുഞ്ചാക്കോ ബോബന്‍ പ്രോസിക്യൂഷനെ അറിയിച്ചില്ല. ഇതേ തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ പതിനാറാം സാക്ഷിയാണ് കുഞ്ചാക്കോ ബോബന്‍.

കേസില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടന്മാരേയും നടിമാരേയും വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്. ഗൂഢാലോചന ആരോപണം ആദ്യം ഉന്നയിച്ചത് നടി മഞ്ജു വാര്യരായിരുന്നു. ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ ചലച്ചിത്ര രംഗത്ത് നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. നടിമാരായ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍ എന്നിവരെ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിസ്തരിച്ചു. നടന്‍ സിദ്ദീഖിന്റെ വിസ്താരവും നടന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. ഗീതു മോഹന്‍ദാസ് പറഞ്ഞ അതേ കാര്യം ആവര്‍ത്തിച്ചതിനാലാണ് സംയുക്ത വര്‍മയെ ഒഴിവാക്കിയത്.