ഭാരവാഹി പട്ടിക ; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി

സംസ്ഥാന ബിജെപിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടി പുനഃസംഘടനയില്‍ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്താനുള്ള നീക്കവുമായി മുരളീധരപക്ഷം ചുവടുറപ്പിച്ചതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്. മാര്‍ച്ച് നാലിനകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. കെ.സുരേന്ദ്രന് കീഴില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പഴയ ജനറല്‍ സെക്രട്ടറിമാര്‍. യുവമോര്‍ച്ചയിലും മുരളീധര പക്ഷം സ്വാധീനം ശക്തമാക്കുകയാണ്. പുതിയ അധ്യക്ഷനായി ഗ്രൂപ്പിലെ ശക്തനായ പ്രഫുല്‍ കൃഷ്ണന്‍ പരിഗണനയിലുണ്ട്. എന്നാല്‍ എബിവിപി ദേശീയ സെക്രട്ടറി പി.ശ്യാംരാജിനെ ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി പാര്‍ട്ടിയെ ചലിപ്പിക്കേണ്ട പദവികളിലെല്ലാം മുരളീധരപക്ഷ നേതാക്കളാണ് പരിഗണനയിലുള്ളത്. ജനറല്‍ സെക്രട്ടറി പട്ടികയില്‍ സി.കൃഷ്ണകുമാര്‍, രഘുനാഥ്, എ.നാഗേഷ്, എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, പി.സുധീര്‍ തുടങ്ങിയവരാണുള്ളത്. ഇതില്‍ നാല് പേരും മുരളീധരപക്ഷമാണ്. വൈസ് പ്രസിഡന്റ് പദവിയില്‍ തിരുവനന്തപുരത്തെ ഗ്രൂപ്പ് സഹയാത്രികന്‍ സി.ശിവന്‍കുട്ടിയെ മുരളീധരപക്ഷം പരിഗണിക്കുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ ജനറല്‍ സെക്രട്ടറിമാരായില്ലെങ്കില്‍ പി.സുധീറും, എ.നാഗേഷും സംസ്ഥാന സെക്രട്ടറിമാരാകുമെന്ന് മുരളീധര വിഭാഗം ഉറപ്പിച്ചിട്ടുണ്ട്.