ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല ; തട്ടിക്കൊണ്ടു പോയത് എന്ന് മുത്തച്ഛന്‍

പള്ളിമണ്‍ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുത്തച്ഛന്‍. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നാണ് അമ്മയുടെ അച്ഛനായ മോഹനന്‍ പിള്ള പറയുന്നത്. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. ഇതിന് മുമ്പൊരിക്കല്‍ പോലും ആറ്റിന്‍കരയിലേക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ പറയുന്നു. ആറ്റില്‍ നിന്നും കണ്ടെടുത്ത അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.

പതിനഞ്ചോ, ഇരുപതോ മിനിട്ടോ സമയം കൊണ്ട് കുട്ടി അവിടെ എത്തില്ല. ആറിന്റെ ആഴവും പരപ്പും തങ്ങള്‍ക്കറിയാം. കുട്ടി തനിയെ പുറത്തുപോകില്ല. ദേവനന്ദ ഇതിന് മുന്‍പ് ഒരിക്കല്‍ പോലും ആറ്റില്‍ പോയിട്ടില്ല. പരിചയമില്ലാത്ത വഴിയിലൂടെ കുട്ടി പോകുന്നതെങ്ങനെയെന്ന് മോഹനന്‍ പിള്ള ചോദിക്കുന്നു. അയല്‍ വീട്ടില്‍ പോലും കുട്ടി പോകില്ല. അമ്മയുടെ ഷാള്‍ ഇട്ട് കുട്ടി പുറത്തു പോകാനുള്ള സാധ്യതയില്ല. കുട്ടി അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും മോഹനന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.

ദേവനന്ദയുടെ വേര്‍പാടില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്ര ഉല്‍സവത്തിന് പോയിട്ടില്ല. ക്ഷേത്രത്തിലേക്കു ചെറിയ പ്രായത്തില്‍ കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷയിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു.

മൃതദേഹത്തില്‍ പോറലോ മറ്റ് പാടുകളോ ഉണ്ടായിരുന്നില്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ല. മാത്രമല്ല ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയുടെയും വെള്ളത്തിന്റെയും അംശവുമുണ്ട്. എന്നാല്‍ കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്ന ചോദ്യം ഇന്നലെ മുതല്‍ നാട്ടുകാരും ഉന്നയിക്കുന്നുണ്ട്. ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി എടുക്കുന്നുണ്ട്.

ഇത്തിക്കരയാറ്റില്‍ മുങ്ങല്‍വിദഗ്ധര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീടിനോട് ചേര്‍ന്നുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് -ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു.