തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ തിരികെ ഏറ്റെടുത്തു

വ്യവസ്ഥകള്‍ ലംഘിച്ചതിന്  തിരുവനന്തപുരത്തെ തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ തിരികെ ഏറ്റെടുത്തു. സ്വകാര്യ ട്രസ്റ്റിന് പതിച്ച് നല്‍കിയ 65 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ തിരികെ ഏറ്റെടുത്തത്. തീര്‍ത്ഥപാദ മണ്ഡപം നില്‍ക്കുന്ന സ്ഥലം 1976 ല്‍ ശ്രീ വിദ്യാധിരാജ സൊസൈറ്റിക്ക് പതിച്ച് നല്‍കിയിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് കാര്യങ്ങളാണ് ഭൂമി ഏറ്റെടുക്കുന്നതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പതിച്ച് നല്‍കിയ ഭൂമിയുടെ തുക അടയ്ക്കുന്നതില്‍ ട്രസ്റ്റ് വീഴ്ചവരുത്തി. 50 ശതമാനം അടയ്ക്കുകയും ബാക്കി തുക രണ്ടു തുല്യ ഗഡുക്കളായി അടയ്ക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഈ തുക ഇതുവരേയും അടച്ചിട്ടില്ല.

ശ്രീ വിദ്യാധിരാജ സഭ എന്ന സൊസൈറ്റിക്കാണ് 1976 ല്‍ ഭൂമി പതിച്ച് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് ശ്രീ വിദ്യാധിരാജ സഭ എന്ന ട്രസ്റ്റാണ്. 1972 ല്‍ സൊസൈറ്റിയുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ട്രസ്റ്റ് രൂപീകരിച്ചുവെന്നാണ് സഭ വ്യക്തമാക്കിയത്. എന്നാല്‍ സൊസൈറ്റിക്ക് നല്‍കിയ ഭൂമി സര്‍ക്കാര്‍ അറിയാതെ ട്രസ്റ്റിന് കൈമാറിയത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തെങ്കിലും സഭ കോടതിയെ സമീപിച്ച് ഇത് റദ്ദാക്കുകയായിരുന്നു. തെളിവെടുപ്പും ഹിയറിംഗും നടത്തിയാണ് ഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി തിരികെ ഏറ്റെടുത്തത്. അതേസമയം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അപേക്ഷ നല്‍കിയാല്‍ പതിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഏറ്റെടുത്ത സ്ഥലം തലസ്ഥാനത്തെ വെള്ളപ്പൊക്ക നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കും.

അതിനിടെ സര്‍ക്കാര്‍നീക്കത്തെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി തടഞ്ഞു. ഇതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ബിജെപി സംസ്ഥാന സമിതി അംഗം പോങ്ങുമ്മൂട് വിക്രമന്‍, ചാല വാര്‍ഡ് കൗണ്‌സിലറും ബിജെപി മണ്ഡലം പ്രഡിഡന്റുമായ എസ്. കെ. പി. രമേഷ് എന്നീ നേതാക്കളെ അറസ്റ്റു ചെയ്ത് ഫോര്‍ട്ടുപോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തീര്‍ത്ഥപാദ മണ്ഡപ പരിസരത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.