കൊറോണ ; തിരുവനന്തപുരത്ത് നിന്ന് പോയ 17 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി
കൊറോണ ബാധയെ തുടര്‍ന്ന് ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. പൊഴിയൂര്‍, മര്യനാട്, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് പോയ 17 പേര്‍ ഉള്‍പ്പെടെയാണ് കുടുങ്ങിയത്.
മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിയത്. ഇറാനിലെ അസലൂരിലെ മുറിയിലാണ് തൊഴിലാളികളുള്ളത്. പൊഴിയൂരില്‍ നിന്ന് പന്ത്രണ്ടും വിഴിഞ്ഞത്ത് നിന്ന് നാലും മര്യനാട് നിന്ന് ഒരാളുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും വിവരമുണ്ട്.
നാല് മാസം മുമ്പാണ് ഇവര്‍ ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്നാട്ടില്‍ നിന്ന് ഉള്ളവരും അടക്കം നിരവധി പേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
അതേസമയം, ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി നോര്‍ക്കയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതായും ചുമതല സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കയ്ക്ക് നല്‍കിയതായും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറാനും അതുവഴി എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി തൊഴിലാളികളെ തിരികെ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.