പശ്ചിമ ബംഗാള്‍ ലക്ഷ്യമിട്ട് അമിത് ഷാ
BJPയ്ക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ പശ്ചിമ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റാം എന്ന വാഗ്ദാനവുമായി അമിത് ഷാ കൊല്‍ക്കത്തയില്‍. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ എന്ത് വില കൊടുത്തും പശ്ചിമ ബംഗാള്‍ പിടിച്ചടക്കും എന്ന മുന്നറിയിപ്പ് അമിത് ഷാ നല്‍കിയത്.
‘അന്യായം സഹിക്കില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ‘ആര്‍ നോയ് അന്യായ്’ എന്നപേരില്‍ പുതിയ ക്യാമ്പയിനിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ടത്. മമത സര്‍ക്കാരിന്റെ വീഴ്ചയോടെ ക്യാമ്പയിനിന് അവസാനമാകുമെന്ന് അമിത് ഷാ പറഞ്ഞു.
‘ബംഗാളില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വന്നപ്പോള്‍ അനുവാദം നല്‍കിയില്ല, സ്റ്റേജുകള്‍ തകര്‍ക്കപ്പെട്ടു, വ്യാജ കേസുകളെടുത്തു, 40നു പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പക്ഷേ, ഇതെല്ലാം കഴിഞ്ഞിട്ടും ഞങ്ങളെ തടായന്‍ മമതയ്ക്ക് കഴിഞ്ഞോ?’ അമിത് ഷാ ചോദിച്ചു. മോദി സര്‍ക്കാരിന് അഞ്ചു വര്‍ഷം നല്‍കിയാല്‍ സംസ്ഥാനത്തെ തിളങ്ങുന്ന ബംഗാളാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് മമത പരിഗണിക്കുന്നത്. അഭയാര്‍ഥികളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ബലാത്സംഗത്തിനും ഭീഷണികള്‍ക്കും കൊലപാതകത്തിനും ഇരയാകുന്നുണ്ട്. ഇവര്‍ക്ക് നാം പൗരത്വം നല്‍കേണ്ടെന്നാണോ?
‘പശ്ചിമ ബംഗാളിനെ സുവര്‍ണ ബംഗാളാക്കാന്‍ മമതാ ബാനര്‍ജിക്ക് കഴിയില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പശ്ചിമ ബംഗാളിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യാന്‍ പോലും മമത സമ്മതിക്കുന്നില്ല’, അമിത് ഷാ ആരോപിച്ചു.
‘2021ലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ BJP ബംഗാള്‍ ഭരിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മമത പറഞ്ഞിരുന്നത്. രണ്ടു കോടിയിലേറെ വോട്ടാണ് ബി.ജെ.പിക്ക് ബംഗാളില്‍ ലഭിച്ചത്’, അമിത് ഷാ പറഞ്ഞു. നാല്‍പതിനായിരം രൂപയുടെ കടക്കാരനായാണ് ഓരോ കുഞ്ഞും ബംഗാളില്‍ ജനിച്ചു വീഴുന്നത്. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മമതാ ബാനര്‍ജി ഭീതി വളര്‍ത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, കൊല്‍ക്കത്ത നഗരത്തിലെ വന്റാലിക്കിടെ BJP പ്രവര്‍ത്തകര്‍ ‘ഗോളി മാരോ’ മുദ്രാവാക്യം മുഴക്കി. പാര്‍ട്ടി കൊടിയുമായി മുദ്രാവാക്യം വിളിയോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബിജെപി നേതാക്കള്‍ ചില പ്രസംഗങ്ങളില്‍ ഉപയോഗിച്ച ഈ ഭീഷണിപ്രയോഗം പിന്നീട് ഡല്‍ഹിയിലെ കലാപകാരികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങളും ‘ഗോളി മാരോ’ മുദ്രാവാക്യങ്ങളുമാണ് ഡല്‍ഹി കലാപത്തിന് വഴിവെച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അമിത് ഷായുടെ റാലിയ്ക്കിടെയും മുദ്രാവാക്യം ഉയര്‍ന്നത്.