ബാങ്ക് സമരം പിന്‍വലിച്ചു

ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്നു ദിവസത്തെ പണിമുടക്ക് പിന്‍വലിച്ചു. മാര്‍ച്ച് 11, 12, 13 തിയതികളിലായിരുന്നു പണിമുടക്ക്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമായിരുന്നു പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നത്.

യഥാര്‍ത്ഥത്തില്‍, മാര്‍ച്ച് 11, 12, 13 പണിമുടക്കിയാല്‍ അടുപ്പിച്ച് 8 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സംഭവിക്കാം. ഈ പ്രശ്‌നം മുന്നില്‍ക്കണ്ടാണ് പണിമുടക്ക് മാറ്റി വച്ചത്. മുന്‍ ആഹ്വാനമനുസരിച്ച് 9-ാം തീയതി തിങ്കളാഴ്ച ബാങ്ക് പ്രവര്‍ത്തിച്ചാല്‍ പിന്നീട് ഇടപാടുകള്‍ നടത്താനാവുക 8 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. കാരണം 10ന് ഹോളിയുടെ അവധി, പിന്നീട് 3 ദിവസത്തെ പണിമുടക്ക്. 14 രണ്ടാം ശനിയാഴ്ച, അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച.

അടുപ്പിച്ച് ഇത്രയും ദിവസം ബാങ്ക് പ്രവര്‍ത്തിക്കാതിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാരണത്താലാണ് തത്കാലം പണിമുടക്ക് പിന്‍വലിക്കുന്നതായി അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ബാങ്കി0ഗ് യൂണിയന്‍ പണിമുടക്ക് ആഹ്വാനം ചെയ്യുന്നത്.

അതേസമയം, ഈ വര്‍ഷം രണ്ട് തവണ ബാങ്കുകള്‍ പണിമുടക്ക് നടത്തിക്കഴിഞ്ഞു. ജനുവരി എട്ടിനും ജനുവരി 31, ഫെബ്രുവരി 1 എന്നീ തിയതികളിലും ബാങ്ക് പണിമുടക്കിയിരുന്നു.