വെടിയുണ്ടകള്‍ കാണാതായത് യുഡിഫ് കാലത്ത് ; ഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി

അഴിമതി ആരോപണങ്ങളില്‍ കുറ്റാരോപിതനായ ഡിജിപിയെ ന്യായീകരിച്ചും സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ പുറത്താക്കില്ല. പെലീസിനെ നിര്‍വീര്യമാക്കുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. സംഭവത്തെ ഗൗരവമായി കാണുന്നു. വെടിയുണ്ടകള്‍ കാണാതായത് യുഡിഫ് കാലത്താണ്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം റൈഫിളുകള്‍ കാണാതായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സി എ ജി റിപോര്‍ട്ട് ചോര്‍ന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ഭാഗമാകേണ്ട രേഖ ചോര്‍ന്നത് ശരിയല്ല. സി എ ജി റിപ്പോര്‍ട്ടല്ല പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിലെ ആരോപണങ്ങള്‍ മാത്രമാണ് ആഭ്യന്തര സെക്രട്ടറി പരിശോധിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

ഗ്യാലക്‌സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ഡിജിപിയെ പുറത്താക്കണമെന്ന് പി ടി തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. ഡിജിപി ലോക് നാഥ് ബെഹ്‌റയെ പുറത്താക്കിയില്ലങ്കില്‍ മുഖമന്ത്രിക്ക് പങ്കുണ്ടെന്നു കരുതേണ്ടി വരുമെന്നും പി ടി തോമസ് പറഞ്ഞു.

തിങ്കളാഴ്ചവെടിയുണ്ടകള്‍ കാണാതായന്ന സിഎജി റിപ്പോര്‍ട്ടിമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് സഭാ സമ്മേളനത്തിന്റ ആദ്യ ദിവസം പ്രതിപക്ഷം ഉന്നിയിച്ചത്. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയല്‍ എത്തിയത്. ഉണ്ടകള്‍ കാണാതായത് ഈ സര്‍ക്കാരിന്റെ കാലത്താണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.